കെട്ടുകാഴ്ചയുടെ രഹസ്യങ്ങൾ
ചെട്ടികുളങ്ങരയിലെ കുംഭഭരണി മഹോത്സവത്തോട് അനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾ എന്താണെന്ന് ഒരു തരത്തിലും വ്യക്തമായി ഒരു ഉത്തരം തരുവാൻ ഇതുവരെ
ചരിത്രകാരന്മാർക്കുപോലും സാധിച്ചിട്ടില്ല.താന്ത്രീകരും കാര്യമായ അഭിപ്രായ പ്രകടനങ്ങൾ
നടത്തിയിട്ടില്ല.ലോകത്താകെയുളള പൈതൃക ഉത്സവങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ചെട്ടികുളങ്ങരയുടെ
സ്ഥാനം ഏറെ മുന്നിലാണ്. യുനസ്കോയുടെ ലോക പൈതൃക ഭൂപടത്തിലേക്ക് ചെട്ടികുളങ്ങര കെട്ടുകാഴ്ചകളും
കുത്തിയോട്ടം വഴിപാടും ഓടിക്കയറുന്നു .
ഈ സമസ്യക്ക് ഒരു വ്യക്തത ഉണ്ടാക്കേണ്ടത് എന്തും ചോദ്യം ചോദിച്ചറിയുന്ന
പുതുതലമുറക്ക് അത്യാവശ്യമാണ്.ചരിത്രകാരന്മാർ
താന്ത്രീക വിധാനത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ ഈ കെട്ടുകാഴ്ചകൾ ശങ്കരാചാര്യകാലഘട്ടത്തിൽ
തുരത്തപ്പെട്ട അൽപ കാലസ്ഥിതമായിരുന്ന ബുദ്ധമതത്തിന്റെ
സംഭാവനയാണെന്നും മറ്റുമുള്ള വികലമായ അറിവുകൾ പരത്തുന്നു.
വിക്കിപീഡിയയിലെ പരിമിതമായ വിവരണം കാണാം
Lineage according to historians
Historians attribute the concept of ‘Kettukazhchas’ -
similar to the architecture of the Buddha tradition in square, rectangular and
pyramid shapes, to the remnants of the Buddha culture which was widely
prevalent in the Central Travancore region a few centuries ago.
Many historians cite that the famous Chettikulangara
Kettukazhcha in the present form is not more than 180 to 200 years old, and was
started during the early part of the 19th century.
വിക്കിപീഡിയ മലയാളം
"ചരിത്രം
കെട്ടുകാഴ്ച എന്നാണാരംഭിച്ചത് എന്ന് വ്യക്തമായ രേഖകൾ ഇല്ല. ദ്രാവിഡമായ
കേരളീയ ആചാരങ്ങളിൽ നിന്ന് വ്യത്യസ്തമായ[3] ഇത്തരം ആഘോഷങ്ങൾ ബുദ്ധമത സമ്പർക്കം കൊണ്ട്
ലഭിച്ചതാണ്.[4] മറ്റു ഉത്സവാചാരങ്ങളായ ആന എഴുന്നള്ളിപ്പ്, പറയെടുപ്പ്, കതിന തുടങ്ങിയവയും
കാർഷികാചാരങ്ങളായ മരമടി തുടങ്ങിയവയും ഇങ്ങനെ കേരളത്തിലേക്ക് പകർന്ന് ലഭിച്ചതും പിന്നീട്
കേരളത്തിന്റേതുമാത്രവുമായ ചില ആചാരങ്ങളാണ്."
ഇതാണ് മണ്ടത്തരമായ വിക്കിപീഡിയയുടെ വിവരണം .
ഇതാണ് മണ്ടത്തരമായ വിക്കിപീഡിയയുടെ വിവരണം .
എന്നാൽ വിശദമായി ഈ കെട്ടുകാഴ്ചകളെ ധ്യാനാത്മകമായി അറിയാൻ ശ്രമിച്ചാൽ ദേശകാലാ പരിച്ഛിന്നയായ
ദേവിതന്നെ വെളിപാടുകൾ പോലെ നമ്മുടെ ഉള്ളിൽ ജ്ഞാനദീപം തെളിയിക്കുന്നത് കാണാം .
കെട്ടുകാഴ്ചകളുടെ തത്വ രഹസ്യങ്ങൾ
പിരമിഡുകളുടെ ക്ഷേത്രഗണിതം ശ്രീചക്രത്തിന്റെ അതെ അളവുകളാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. അതെ അളവുകളാണ് കെട്ടുകാഴ്ചയുടെ മേരു രൂപത്തിനും .
എന്തുകൊണ്ടാണ് തേരും കുതിരയും ഒക്കെ ശ്രീചക്ര വകഭേദങ്ങൾ ആകുന്നതു?
എന്തൊക്കെയാണ് അതിലെ തന്ത്രശാസ്ത്രപരമായ ബന്ധം?എന്തൊക്കെയാണ് അതിലെ മന്ത്രശാസ്ത്രബന്ധം?
എന്തൊക്കെയാണ് അതിലെ പുരാണപരമായ ബന്ധം ?
എന്തൊക്കെയാണ് അതിലെ ശാസ്ത്രീയ ബന്ധം ?
ഇവയൊക്കെ ചുരുക്കി ഒന്ന് നോക്കാം.
തപോവൻ ആത്മീയ ഗവേഷണ ധ്യാനകേന്ദ്രം
കണ്ടെത്തുന്ന ചില വസ്തുതകൾ
ഓണാട്ടുകരയിലെ അതി പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചെട്ടികുളങ്ങര
.ഈ ക്ഷേത്രത്തിന്റെ ഉദ്ഭവകഥയിൽ നിന്നുതന്നെ വായിക്കാൻ കഴിയുന്ന കെട്ടുകാഴ്ചകളുടെ ആ
ശ്രീചക്ര രഹസ്യം കാലാന്തരത്തിൽ നഷ്ടപ്പെട്ടെങ്കിലും പുതുതലമുറക്കായി ഈ ബ്ലോഗിലൂടെ വീണ്ടും
മറനീക്കുകയാണ്.
ചെട്ടികുളങ്ങരയില്‍ 13 കരകളില്‍ നിന്നാണ് കെട്ടുകാഴ്ചകള്‍ വരുന്നത്.
കരകള്‍ക്ക് കൃത്യമായ ക്രമമുണ്ട്. ആ ക്രമത്തില്‍ തേരും കുതിരയുമെല്ലാം അമ്പലനടയില്‍ എത്തണം.
ഊഴംതെറ്റിയുളള ക്ഷേത്രപ്രവേശനത്തിന് ആരും വരില്ല. അതൊരു അലിഖിത നിയമമാണ്.. ഭരണിനാളില്‍ രാവിലെ മുതല്‍ കുത്തിയോട്ട വഴിപാടുകള്‍
ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. വൈകിട്ട് 4.30 മുതല്‍ 13 കരകളില്‍നിന്നുള്ള കെട്ടുകാഴ്ചകള്‍
എത്തിത്തുടങ്ങും. രാത്രി 7.30 ഓടെ മുഴുവന്‍ കെട്ടുകാഴ്ചകളും കാഴ്ചക്കണ്ടത്തില്‍ നിരക്കും.
കൊയ്പ്പള്ളിക്കാരാണ്മ ക്ഷേത്രാധികാരികളുടെ അപമാനത്താൽ മനംനൊന്ത
ചെട്ടികുളങ്ങര കാരണവന്മാർ കൊടുങ്ങല്ലൂരിൽച്ചെന്ന്
അവിടത്തെ ദേവിയെ ധ്യാനിച്ച് ചെട്ടികുളങ്ങരയിലേക്കു
ആനയിച്ചു എന്നാണു ചരിത്രകഥ .അതായത് കൊടുങ്ങല്ലൂരിലെ ദേവിതന്നെയാണ് ഇവിടെയും ഉള്ളത്.അപ്പോൾ
വരുന്ന ചോദ്യം കൊടുങ്ങല്ലൂരിലെ ദേവീരൂപം എന്താണെന്നാണ് .അത് ശ്രീചക്രരാജ രഥാരൂഢയായ
,ശ്രീചക്രനിവാസിനിയായ പരാശക്തിതന്നെയാണ്.രുരുജിത് ഭദ്രകാളീ വിധാനത്തിൽ ലക്ഷ്മിയും സരസ്വതിയും
ഒക്കെയായ പരാശക്തിയാണവിടെ കുടികൊള്ളുന്നത് .തന്ത്രരാജമായ, കൊടികെട്ടിയ ശ്രീവിദ്യാ സമ്പ്രദായത്തിന്റെ
പ്രമുഖ സ്ഥാനമാണ് കൊടുങ്ങല്ലൂർ.അതിനാൽ പൂർവികർ
അതേരീതിയിൽ ചെട്ടികുളങ്ങരയിലും കൊണ്ടുവന്നത്
ശ്രീവിദ്യാ സമ്പ്രദായമാണ് .യഥാർത്ഥത്തിൽ ഇവിടെ വിഗ്രഹത്തിനു മുന്നിൽ വച്ചിരിക്കുന്ന
ശ്രീ ചക്രത്തിന്റെ പ്രാധാന്യം അറിയാവുന്നവർ
അപൂർവമാണ്.ചുരുക്കത്തിൽ ഇവിടുത്തെ ഈ ശ്രീചക്രവും
ശ്രീവിദ്യാ സമ്പ്രദായവും ആണ് ചെട്ടികുളങ്ങരയുടെ ഐശ്വര്യത്തിനു കാരണം .
മധ്യതിരുവിതാംകൂറും പരിസര പ്രദേശങ്ങളും ശ്രീവിദ്യാ സമ്പ്രദായത്തിന്റെ
ആഴത്തിലുള്ള വേരോട്ടമുണ്ടായിരുന്നതിന്റെ തെളിവുകൾ
കാലം നമുക്ക് നൽകുന്നു.കായംകുളം രാജാവിനെ തോൽപ്പിക്കുവാൻ കഴിയാതിരുന്ന മാർത്താണ്ഡവർമ്മക്കുവേണ്ടി
കായംകുളം രാജാവ് ഉപാസിച്ചിരുന്ന ശ്രീചക്രത്തെ മോഷ്ടിപ്പിക്കുകയും കായംകുളം കീഴടക്കുകയും
ചെയ്തത് ചരിത്രകഥ. രാമപുരം ക്ഷേത്രത്തിലും വലിയകുളങ്ങരയിലും കൃഷ്ണപുരം ക്ഷേത്രത്തിലും
ചെങ്ങന്നൂരുംപ്രാധാന്യത്തോടുകൂടി ശ്രീചക്രം
പൂജിക്കുന്നുണ്ട്. ഇവിടങ്ങളെല്ലാം എണ്ണമറ്റ കാളീക്ഷേത്രങ്ങളാൽ സമ്പന്നവുമാണ്.ലളിതാ
സഹസ്രനാമം, ത്രിശതീ,ദേവീഭാഗവതം തുടങ്ങിയവയുടെ
നിരവധി ആഴത്തിലുള്ള വ്യാഖ്യാനങ്ങൾ ലോകത്തിനു സമ്മാനിച്ച പ്രശസ്തനായ ശ്രീ .കണ്ടിയൂർ മഹാദേവശാസ്ത്രികളും
ഇവിടുത്തുകാരൻ തന്നെ.ഇതെല്ലാം ചൂണ്ടുന്നത് അറിവില്ലായ്മയാൽ കാലാന്തരത്തിൽ ഇവിടെമാത്രം
അൽപ്പം ഒളിമങ്ങിപ്പോയ ശ്രീവിദ്യാ സമ്പ്രദായത്തെയാണ്.
ഇതുമായിവേണം നാം കെട്ടുകാഴ്ചകളെ കൂട്ടിവായിക്കുവാൻ.കെട്ടുകാഴ്ചകളെ അറിയുവാൻ നാം ആദ്യം ശ്രീചക്രത്തെ അറിയണം .
എന്താണ് ശ്രീചക്രം
ലോകത്തിലെ ഏറ്റവും വലിയ "പവർ വിഷ്വലയ് സേഷൻ ടൂൾ "ആണ്
ശ്രീചക്രം എന്ന് പറയാം.ശക്തിയെ ആർജ്ജിച്ചു ഭൗതിക സിദ്ധികൾ നേടുവാനും അതേപോലെ ശിവബോധത്തിൽ
ലയിച്ചുചേർന്നു യോഗാസമാധിനേടാനും ഒരുപോലെ സഹായിക്കുന്ന ഇതുപോലുള്ള വേറൊരു മാധ്യമം
ഇല്ലെന്നുതന്നെ പറയാം.
പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ
വളരെ പ്രാധാന്യമർഹിക്കുന്നു. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി
പറയുന്നത്.. ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്ദശാരം,
ബഹിര്ദശാരം, ചതുര്ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ്
ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക്
അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള് നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും.
ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും
നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം.
ശ്രീവിദ്യോപാസനയിൽ ശ്രീചക്രം മന്ത്രം ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്..
ഈ ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നാണ് വിളിക്കുന്നത്.. ശ്രീചക്രത്തിന്റെ ഏറ്റവും
പുറമെ ഉള്ള ആദ്യത്തെ ചക്രത്തെ ഭൂപുരം എന്നു പറയുന്നു..
ഈ ഭൂപുരത്തിന്റെ ഏറ്റവും പുറമെ ഉള്ള ഫലകത്തിൽ അണിമ ഗരിമാ ലഘിമാ
ഈശിത്വം വശിത്വം പ്രാകാമ്യം ഭുക്തി പ്രാപ്തി സർവകാമ എന്നി 10 സിദ്ധിദേവതകൾ സ്ഥിതിചെയ്യുന്നു..
ഭൂപുരത്തിലെ രണ്ടാമത്തെ രേഖയിൽ ബ്രാഹ്മീ മാഹേശ്വരി കൌമാരീ വൈഷ്ണവി
വാരാഹി മാഹേന്ദ്രീ ചാമുണ്ഡാ മഹാലക്ഷ്മി എന്നി 8 മാതൃക്കൾ സ്ഥിതിചെയ്യുന്നു.
ഭൂപുരത്തിലെ മൂന്നാമത്തെ രേഖയിൽ സർവസംക്ഷോഭിണി, സർവവിദ്രാവിണി,
സർവാകര്ഷിണി, സർവവശങ്കരി, സർവോന്മാദിനി, സർവമഹാങ്കുശ, സർവഖേചരി, സർവബീജാ, സർവയോനി,
സർവത്രിഖണ്ഡാ 10 മുദ്രാദേവികൾ സ്ഥിതിചെയ്യുന്നു. ഈ ഭൂപുരത്തെ ത്രൈലോക്യമോഹനചക്രം എന്നും
ഇതിൽ വസിക്കുന്ന 28 ദേവതമാരേയും ചേര്‍ത്ത് പ്രകടയോഗിനികൾ എന്ന് വിളിക്കുന്നു. ഇതിന്റെ
നായിക ത്രിപുരയാണ്.
രണ്ടാമത്തെ ആവരണമായ ഷോഡശദളത്തിൽ കാമാകര്ഷിണി ബുദ്ധ്യാകര്ഷിണി, അഹങ്കാരാകര്ഷിണി,
ശബ്ദാകര്ഷിണി, സ്പര്ശാകര്ഷിണി, രൂപാകര്ഷിണി, രസാകര്ഷിണി, ഗന്ധാകര്ഷിണി, ചിത്താകര്ഷിണി,
ധൈര്യാകര്ഷിണി, സ്മൃത്യാകര്ഷിണി, നാമാകര്ഷിണി, ബീജാകര്ഷിണി, ആത്മാകര്ഷിണി, അമൃതാകര്ഷിണി,
ശരീരാകര്ഷിണി, എന്നി 16 ദേവിമാരാണ് വസിക്കുന്നത്. ഇവരെ 16 കലകളായും പറയാറുണ്ട്. ഈ ഗുണങ്ങളുടെ
പുറകിൽ ഒളിഞ്ഞിരിക്കുന്നതിനാൽ ഇവർ ഗുപ്തയോഗിനികൾ എന്ന് കൂടി അറിയപ്പെടുന്നു. സാധകന്റെ
ആഗ്രഹങ്ങൾ പരിപൂര്ണമാക്കപ്പെടുന്നതിനാൽ ഇതിനെ സർവാശാ പരിപൂരകചക്രം എന്ന് പറയുന്നു.
ഇതിന്റ നായിക ത്രിപുരേശി ആണ്.
തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ അനംഗകുസുമ, അനംഗമേഖലാ, അനംഗമദനാ,
അനംഗമദനാതുരാ, അനംഗരേഖാ, അനംഗവേഗിനി, അനംഗാങ്കുശ, അനംഗമാലിനി എന്നിങ്ങനെ 8 ദേവിമാർ
സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ
എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു.
സർവസൌഭാഗ്യദായകചക്രം എന്ന് പറയുന്ന 14 ത്രികോണങ്ങളുള്ള നാലാമത്തെ
ആവരണത്തിൽ സർവസംക്ഷോഭിണി, സർവവിദ്രാവിണി, സർവാകര്ഷിണി, സർവാഹ്ലാദിനി, സർവസമ്മോഹിനി,
സർവസ്തംഭിനി, സർവജൃംഭിണി, സർവവശങ്കരി, സർവരഞ്ജിനി, സർവോന്മാദിനി, സർവാര്ഥസാധിനി, സർവസംപത്തിപൂരിണി,
സർവമന്ത്രമയി, സർവദ്വന്ദ്വക്ഷയങ്കരി എന്നി ശക്തിദേവതകൾ കുടികൊള്ളുന്നു. ഈ 14 ശക്തികളെ
സമ്പ്രദായയോഗിനിമാർ എന്ന് വിളിക്കുന്നു. ഈ ആവരണത്തിന്റെ ദേവത ത്രിപുരവാസിനി ആണ്.
സർവാർധസാധകചക്രമെന്ന് വിളിക്കുന്ന 10 ത്രികോണങ്ങൾ ചേർന്ന അഞ്ചാമത്തെ
ആവരണത്തിൽ സർവസിദ്ധിപ്രദ, സർവസമ്പത്പ്രദ, സർവപ്രിയങ്കരി, സർവമംഗളകാരിണി, സർവകാമപ്രദ,
സർവദുഃഖവിമോചിനി, സർവമൃത്യുപ്രശമനി, സർവവിഘ്നനിവാരിണി, സർവാംഗസുന്ദരി, സർവസൌഭാഗ്യദായിനി
എന്നിങ്ങനെ 10 യോഗിനമാർ വസിക്കുന്നു. ഈ ദേവതകളെ കുളോത്തീര്ണയോഗിനികൾ എന്നാണ് വിളിക്കുന്നത്.
ഈ ആവരണത്തിന്റെ അധിദേവത ത്രിപുരാശ്രീ ആണ്.
സർവരക്ഷാകരമെന്നും സമസ്തരക്ഷാകരമെന്നും അറിയപ്പെടുന്ന ശ്രീചക്രത്തിന്റെ
ആറാമത്തെ ആവരണത്തിൽ സർവജ്ഞാ, സർവശക്തി, സർവൈശ്വര്യപ്രദാ, സർവജ്ഞാനമയി, സർവവ്യാധിവിനാശിനി,
സർവാധാരസ്വരൂപ, സർവപാപഹരാ, സർവാനന്ദമയി, സർവരക്ഷാസ്വരൂപിണി, സർവെപ്സിതഫലപ്രദ എന്നീ
ദേവികൾ വസിക്കുന്നു. ഈ ദേവിമാരെ നിഗര്ഭയോഗിനികൾ എന്ന് അറിയപ്പെടുന്നു. ഈ ചക്രത്തിന്റെ
അധിഷ്ഠാനദേവത ശ്രീത്രിപുരമാലിനി എന്ന ദേവിയാണ്.
ശ്രീചക്രത്തിന്റെ സർവരോഗഹരചക്രമെന്ന് അറിയപ്പെടുന്ന 8 ത്രികോണങ്ങൾ
ചേര്‍ന്ന ഏഴാമത്തെ ആവരണത്തിൽ വശിനി കാമേശ്വരി, മോദിനി, വിമലാ, അരുണാ, ജയിനി, സർവേശ്വരി,
കൌലിനി എന്നീ 8 ദേവിമാർ വസിക്കുന്നു. ഈ വശിന്യാദി വാഗ്ദേവതകളെ രഹസ്യയോഗിനികൾ എന്നു
വിളിക്കുന്നു. ഈ ചക്രത്തിന്റെ അധീശ്വരി ത്രിപുരസിദ്ധയാണ്.
ശ്രീചക്രത്തിന്റെ 8മത്തെ ആവരണവു സർവസിദ്ധിപ്രദചക്രം എന്നും അറിയപ്പെടുന്ന
നടുവിലുള്ള ത്രികോണത്തിൽ കാമേശ്വരി വജ്രേശ്വരി ഭഗമാലിനി എന്നീ ത്രിമൂര്‍ത്തികൾ വസിക്കുന്നു.
ഈ ചക്രത്തിൽ വസിക്കുന്ന ദേവതമാരെ പരാപരരഹസ്യയോഗിനികൾ എന്ന് വിളിക്കുന്നു. ത്രിപുരാംബയാണ്
ഈ ചക്രത്തിന്റെ നായികാ. ഈ ഒറ്റ ത്രികോണത്തിന്റെ മുകളിലെ പാര്ശ്വഭാഗത്തിന്റെ മുകൾഭാഗത്ത്
മിത്രേശൻ, ഉഡ്ഢീശൻ, ഷഷ്ഠീശൻ, ചര്യൻ എന്നീ നാലു ഗുരുക്കന്മാർ സ്ഥിതിചെയ്യുന്നു. ഇവരെ
യുഗനാഥന്മാർ എന്ന് വിളിക്കുന്നു. ലോപാമുദ്രാ, അഗസ്ത്യൻ, കാലതാപനൻ, ധര്മാചാര്യൻ, മുക്തകേശീശ്വരൻ,
ദീപകലാനാഥൻ, വിഷ്ണുദേവൻ, പ്രഭാകരദേവൻ, തേജോദേവൻ. മനോജദേവൻ, കല്യാണദേവൻ, രത്നദേവൻ, വാസുദേവൻ,
ശ്രീരാമാനന്ദൻ എന്നിവരേയും ഗുരുക്കന്മാരായി പറയാറുണ്ട്. ഇതുകൂടാതെ ത്രികോണത്തിന്റെ
മൂന്നു പാര്ശ്വങ്ങളിലായി കാമേശ്വരി, ഭഗമാലിനി, നിത്യക്ലിന്നാ, ഭേരുണ്ഡാ, വഹ്നിവാസിനി,
മഹാവജ്രേശ്വരി, ശിവദൂതി, ത്വരിതാ, കുലസുന്ദരി, നിത്യാ, നീലപതാകാ, വിജയാ, സർവമംഗളാ,
ജ്വാലാമാലിനി, ചിത്രാ എന്നിങ്ങിനെ 15 തിഥി ദേവതകൾ വസിക്കുന്നു. ശ്രീചക്രത്തിന്റെ നടുവിലുള്ള
ബിന്ദുവിന് ചുറ്റുമുള്ള ഭാഗത്ത് ഹൃദയദേവി ശിരോദേവി കവചദേവി ശിഖാദേവി നേത്രദേവി അസ്ത്രദേവി
എന്നീ 6 ദേവിമാർ വസിക്കുന്നു.
ശ്രീചക്രത്തിന്റെ നടുവിൽ ഒന്‍പതാമത്തെ ബിന്ദുവിൽ ഇരിയ്കുന്നതും ബ്രഹ്മ
വിഷ്ണു രുദ്ര ഈശ്വര സദാശിവന്മാരാകുന്ന പഞ്ചബ്രഹ്മരൂപത്തിലുമുള്ള ബിന്ദുപീഠത്തെ സർവാനന്ദമയചക്രമെന്ന്
വിളിക്കുന്നു. മഹാത്രിപുരസുന്ദരിയായ ലളിതാദേവിയുടെ ആസ്ഥാനവും കൂടിയാണ് ഇത്... ഈ പീഠത്തെ
മഹാപീഠമെന്നും ശ്രീപീഠമെന്നും പഞ്ചാശത്പീഠമെന്നും വിളിയ്കാറുണ്ട്. ഈ ആവരണത്തിലെ ദേവതയെ
മഹാത്രിപുരസുന്ദരി, ലളിതാംബികാ, മഹാകാമേശ്വരീ, ശ്രീ രാജരാജേശ്വരി ശ്രീവിദ്യാ എന്നിങ്ങനെ
വിളിക്കുന്നു.
യഥാർത്ഥത്തിൽ ഈ ശ്രീചക്രം
മനുഷ്യശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ബൈന്ധവം ബ്രഹ്മരന്ധ്രേ ച മസ്തകെ ച ത്രികോണകം
ലലാട്യെഷ്ടാരചക്രം സ്യാത് ഭ്രുവോര്മധ്യേ ദശാരകം.
ബഹിര്ദ്ദശാരം കണ്ഠേ തു മന്വശ്രം ഹൃദയാംബുജേ
കടിര്ദ്വിതീയവലയം സ്വാധിഷ്ഠാനെ കലാശ്രയം
മൂലേ തൃതീയവലയം ജാനുഭ്യാം തു മഹിപുരം
ജംഘേ ദ്വിതീയഭൂഗേഹം തൃതീയം പാദയുഗ്മകേ
ത്രിപുരാ ശ്രീ മഹാചക്രം പിണ്ഡാണ്ഡാത്മകമീശ്വരി.
ശ്രീചക്രത്തിലെ ബിന്ദുസ്ഥാനത്തെ ശിരസ്സിലെ ബ്രഹ്മരന്ധ്രമായും ആദ്യത്തെ
ത്രികോണത്തെ മസ്തകമായും അതിനു താഴെയുള്ള അഷ്ടാരചക്രത്തെ ലലാടസ്ഥാനമായും, അന്തര്ദശാരത്തെ
ഭ്രൂമധ്യമായും, ബഹിര്ദ്ദശാരത്തെ കണ്ഠമായും, ചതുര്ദശാരത്തെ ഹൃദയസ്ഥാനമായും, പ്രഥമവൃത്തത്തെ
കുക്ഷിയായും, അഷ്ടദളപദ്മത്തെ നാഭീസ്ഥാനമായും, ദ്വിതീയവൃത്തത്തെ അരക്കെട്ടായും തൃതീയവൃത്തത്തെ
മൂലാധാരസ്ഥാനമായും, ഭൂപുരത്തിലെ ഒന്നാം ചതുരം മുട്ടുകളായും, രണ്ടാമത്തേത് കണങ്കാലുകളായും
മൂന്നാമത്തേത് പാദങ്ങളായും പറയുന്നു. ചുരുക്കത്തിൽ ധ്യാനിക്കുന്ന ഒരു മനുഷ്യന്റെ സ്ഥൂല സൂക്ഷ്മ കാരണ ശരീരം തന്നെ ആണ്
ശ്രീചക്രം.
എല്ലാദേവീദേവ സാന്നിധ്യവുമുള്ള യന്ത്രരാജനാണ് പ്രപഞ്ചസ്വരൂപമായ
ഈ ശ്രീചക്രം.
ആദ്യം സാധാരണക്കാർക്ക് വേഗം ഗ്രഹിക്കുന്ന കഥകളായ
പുരാണങ്ങളുമായുള്ള ബന്ധം നോക്കാം.
എല്ലാത്തിനും ഉത്തരംതരാൻ നമ്മിൽ ഭൂരിപക്ഷവും അർത്ഥമറിയാതെ നിത്യവും
ജപിക്കുന്ന ലളിതാസഹസ്രനാമം ധാരാളമാണ്.അതിന്റെ
ഉറവിടമായ ബ്രഹ്മാണ്ഡപുരാണമാണ് ലളിതോപാഖ്യാനത്തിന്റെ പൊരുൾ നമുക്ക് കാട്ടിത്തരുന്നത്.അതിൽ
അവസാനം ശ്രീചക്രവർണ്ണനയും മറ്റും ഗംഭീരമായി,വിശദമായി ഹയഗ്രീവനുപദേശിക്കുന്നു
."ഭണ്ടാസുരവധോദ്യുക്തശക്തിസേനാ സമന്വിത” യായി ശ്രീചക്രരാജ ശ്രീചക്ര രഥത്തിലേറി യുദ്ധത്തിനുവരുന്ന ദേവിതന്നെയാണ് ശ്രീചക്രം.
ഇത് നമ്മുടെ ശരീരംതന്നെയാണ്.അതിലെ ഇന്റലിജൻസാണ് "കോടിയോഗിനീഗണസേവിത" എന്ന
ലളിതാസഹസ്രനാമം പറയുന്ന ശക്തി യോഗിനികൾ.ഇത് നമ്മുടെ ശരീരത്തിലെ അർദ്ധനാരീശ്വരനായ ശുദ്ധ
ശിവബോധത്തെ പുറത്തേക്ക് തിരിഞ്ഞു നിന്ന് കർമ്മം ചെയ്തുസേവിച്ചുകൊണ്ടിരിക്കുന്നു .ബാഹ്യപ്രപഞ്ചവുമായി
നമ്മെബന്ധപ്പെടുത്തുന്ന വാതിലുകൾ ഈ ഇന്റലിജൻസ്
അഥവാ യോഗിനികളാണ് .നമ്മുടെതന്നെ അജ്ഞാനമായ ഈഗോയുടെ അഥവാ അഹന്തയുടെ പ്രതീകമാണ് ഭാണ്ടാസുരൻ .ആ അഹന്തയുടെ
നിർമാർജനത്തോടെ ജീവാത്മാപരമാത്മാ അയ്ക്യമുണ്ടാകുന്ന സാധകൻ ആത്മാതിബോധ സാക്ഷാത്കാരത്തെ
നേടുന്നു.അല്ലാത്തവരൊക്കെ ഭൗതിക ജീവിതത്തിലും
പരാജയം അടയുമെന്നും യോഗശാസ്ത്രപരമായി
പറയുകയാണെങ്കിൽ യോഗസാധനാ ജീവിതത്തിൽ യോഗഭ്രഷ്ട് സംഭവിക്കുമെന്നും ഒക്കെ ഈ കഥയിലൂടെ
ഋഷി കാട്ടിത്തരുന്നു.
ചക്രരാജ രഥാരൂഡാ സർവ്വായുധപരിഷ്കൃതാ
ചക്രരാജ രഥം ഒൻപതുതട്ടുള്ളതും പത്തുയോജന പൊക്കവും നാലുയോജന വിസ്താരമുള്ളതും
ആനന്ദ ധ്വജത്തോട് കൂടിയതും ആണെന്ന് വിവരിക്കുന്നു. ഈ ഭീമാകാര വർണ്ണനയിൽനിന്നാണ് ഈ കെട്ടുകാഴ്ചകളുടെ
പിറവിയെന്നു വ്യക്തമാണ്.
ഗേയചക്ര രഥാരൂഡാ മന്ത്രിണീ പരിസേവിതാ
ശ്രീചക്രത്തിന്റെ തന്നെ വകഭേദമായ ഗേയചക്രം എഴുതട്ടുകളുള്ളതാണെന്ന്
വ്യക്തമായി പറയുന്നു.ശക്തിസയ്ന്യത്തിലെ പ്രധാനിയായ
ശ്യാമളാ ദേവി (സരസ്വതി) യുദ്ധത്തിനായി എഴുന്നള്ളുന്നത് ഈ രഥത്തിലാണ് .ശ്രദ്ധിക്കുക .കുതിരയുടെ തട്ടുകൾ
പ്രഭടക്ക് മുകളിലും താഴെയും ഏഴെഴെണ്ണം വച്ചാണ്. കൈതതെക്ക് കരക്കാരുടെ കരക്കുതിരയിലെയും മറ്റു കുതിരകളുടെയും
പ്രധാനപ്പെട്ട മുഖചിത്രം ഇന്നും ശ്രീചക്രം തന്നെയാണ് എന്നതും കൗതുകകരമാണ്.
കിരിചക്ര രഥാരൂഡാ ദണ്ഡനാഥാ പുരസ്കൃതാഃ
ഇതിനു സാമ്യം തേരിനോടാണ്. ഇടത്തട്ടുകൾ കൂടി കൂട്ടിയാൽ തേരിന് അഞ്ചുതട്ടുകൾ ഉണ്ടെന്നു പറയാം.എന്നാൽ തേരിന്റെ പ്രഥമദൃഷ്ട്യാ
ഉള്ള കാഴ്ച ശ്രീചക്രത്തിലെ ത്രിപുരങ്ങൾ വ്യക്തമായി കാട്ടുന്ന മൂന്നു തട്ടുകളാണ്.
ഈ ഭീമനും ഹനുമാനും എന്താണിവിടെ കാര്യം ?
ഇതിൽ പഠനം നടത്തിയ മിക്കവർക്കും ഒരു കീറാമുട്ടിയാണ് ഈ ഹനുമാനും മറ്റംകരക്കാരുടെ ഭീമനും എങ്ങനെ ഇതിൽ കടന്നുകൂടി എന്നത്.കാരണം ഹനുമാൻ
രാമായണ കാലഘട്ടത്തിലും ഭീമൻ മഹാഭാരത കാലഘട്ടത്തിലും
ഉള്ള രണ്ടുകഥാപാത്രങ്ങൾ ആണ്.ഇവക്കുതമ്മിൽ ഒരുബന്ധവും കാണുന്നില്ല.പാഞ്ചാലിയും കൂട്ടത്തിൽ
ഉണ്ട്.എന്നാൽ ഇവിടെ നാം ആഴത്തിലുള്ള ആഗമ താന്ത്രീകമായ സമവാക്യങ്ങളെ കൂട്ടിവായിക്കേണ്ടതുണ്ട്.ഭീമനും
ഹനുമാനും എല്ലാം മഹത്തായ ശക്തിയുടെ പ്രതിബിംബങ്ങൾ തന്നെ ആണ് .ഉത്തരേന്ത്യയിൽ ശക്തിസാധനയിൽ
ഹനുമാൻ ഏറ്റവും പ്രധാനമാണ്.ഭീമസേനനും മനുഷ്യന്റെ അത്ഭുതകരമായ ശാരീരിക മാനസിക ഇച്ഛാശക്തിയുടെ
ശക്തിയുടെ പ്രതിബിംബമാണ് എന്നത് നമുക്കറിയാം.ഹനുമാൻ സമ്മതിക്കാം.എന്നാലും ഇവിടെ ഭീമൻ അങ്ങനെയാണോ എന്നചോദ്യത്തിനു നാം തന്ത്രശാസ്ത്രത്തിലെ
വിധാനകൽപ്പനകളെ കാണണം .അവിടെ ഓരോ ദേവതയുടെയും ഉപാസനയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന രൂപം ആയിരിക്കണം
ആ ദേവതയുടെ ധ്യാനത്തിലെന്നും ധ്യാനത്തിലെ രൂപത്തിനനുസരിച്ചാകണം
ബിംബം എന്നും നിഷ്കര്‍ഷയുണ്ട്.ഇവിടത്തെ ഭീമസേനൻ
വെറും ഭീമനല്ല.ബകൻ എന്ന ആർക്കും കീഴടക്കാനാകാത്ത
ഭയങ്കരനായ അസുരനെ കീഴടക്കാനാണ് പരാക്രമിയായി വീരനായി ഭീമസേനൻ പോകുന്നത്.ദിവസവും പോത്തുകളെ
ആഹാരമാക്കുന്ന ബകൻ .ഒരുവണ്ടിനിറയെ ചോറുംകറികളും കഴിക്കുന്ന ബകൻ .മരങ്ങൾ കടപുഴക്കി ഭീമനുമായി
യുദ്ധം ചെയ്യാൻ കഴിവുള്ള ബകൻ .അങ്ങനെയൊരാളെ നേരിട്ടുവിജയിച്ച ഭീമസേനനെയാണ് ഇവിടെ നാലുചക്രത്തിൽ പ്രതിഷ്ഠിക്കുന്നത് .പോത്തുകളുമായി യുദ്ധത്തിന്
പുറപ്പെടുന്ന ഭീമസേനൻ നമ്മുടെയുള്ളിൽ കുണ്ഡലിതമായിരിക്കുന്ന പരാശക്തിയുടെ ഊർജത്തെ ഉണർത്താൻ
കെൽപ്പുള്ളതാണെന്നു ആ രൂപത്തെ വലിക്കുന്ന വടത്തിൽ തൊട്ടു തൊഴാൻ ഗള്‍ഫില്‍നിന്നുപോലും
വര്‍ഷാവർഷം എത്തുന്ന ഭക്തരോട് ചോദിച്ചാലറിയാം.
താന്ത്രീകയോഗ രഹസ്യങ്ങൾ
പരാ കുണ്ഡലിനി ശക്തിയുടെ ഉദ്ധാരണവും ശിവശക്തി സംയോഗാത്മകമായ ആനന്ദസമാധിയും
ആണല്ലോ ശ്രീചക്ര സ്വരൂപം.അതുതന്നെയാണ് കെട്ടുകാഴ്ചകളും വ്യക്തമാക്കുന്നത് .
താന്ത്രീകമായി ഏറെ പ്രാധാന്യമുണ്ട് ഈ ശ്രീചക്ര മാതൃകകൾക്കു.ഇവയുടെ
മേൽക്കൂടാരത്തിന്റെ പിരമിഡും ശ്രീചക്രവുമായുള്ള സാമ്യം പറഞ്ഞുകഴിഞ്ഞു. ഇത് കാമകലാ വികാസമായ പ്രകാശവും വിമർശവും ചേർന്ന് സൃഷ്ടിക്കുന്ന
ഇച്ഛാശക്തി, ജ്ഞാനശക്തി,ക്രീയാശക്തിയായി വികസിക്കുന്ന നമ്മുടെ പ്രപഞ്ചത്തിന്റെ മാതൃകയായ ശ്രീചക്രത്തിലെ ആദ്യത്തെ പിരമിഡ് രൂപത്തെ പ്രതീകവത്കരിക്കുന്നു.
ഇച്ഛാശക്തി ജ്ഞാനശക്തി
ക്രീയാശക്തി
സ്വരൂപിണീ
ഇനി ശ്രദ്ധിക്കേണ്ടത് ഓരോ തട്ട്കൾക്ക് ചുറ്റുമായി തൂക്കിയിട്ടിരിക്കുന്ന
ത്രികോണരൂപത്തിലുള്ള അലങ്കാരങ്ങൾ ആണ് .ഇവയെല്ലാം തന്നെ വെറും ഡിസയ്ൻ ആയിട്ടാണ് ആളുകൾ
കരുതുന്നത്.അല്ലേയല്ല.അവയെല്ലാം ശക്തി യോനികൾ ആണ്. ശ്രീചക്രത്തിലെ ഓരോ ആവരണത്തിലുമുള്ള
ത്രികോണങ്ങൾതന്നെയാണ് ഇവയും സൂചിപ്പിക്കുന്നത്.രഥം ശരിക്കും ശ്രീചക്രത്തിന്റെ അളവിൽ
ഉണ്ടാക്കിയാൽ സാധാരണക്കാർക്ക് റോഡിലൂടെ ഉരുട്ടി
കൊണ്ടുവരാൻ കഴിയില്ല എന്നതിനാലും ,ആ കണക്കുകളുടെ സന്ധികളും മർമ്മങ്ങളും തെറ്റാൻ പാടില്ല എന്നുള്ളതിനാലും പൂർവികര്‍ക്കു ആ കോടി യോഗിനികളായ അസംഖ്യം ശക്തിയോനികളെ (കോടിയോഗിനീ ഗണസേവിത ) തട്ടുകൾക്കു ചുറ്റുമായി വിന്യസിക്കേണ്ടി വന്നു.എന്നിട്ടവർ ഓരോ
യോനിയിലും പ്രകടമാകുന്ന ആഗമരഹസ്യമായ ,പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന,അഖണ്ഡബോധമായ
ശിവപരമാത്മാവിനെ പ്രതിഫലിപ്പിക്കാനായി ഓരോ കണ്ണാടി ചില്ലുകളും തുന്നിപ്പിടിപ്പിച്ചു
.ഒരേ ഒരു സൂര്യൻ എല്ലാ ജലത്തിലും പ്രതിഫലിക്കുന്നതുപോലെ ഒരേയൊരു അദ്വയ്ത ബോധം എല്ലാ
ജീവന്മാരിലും പ്രതിഫലിക്കുന്നു എന്ന വേദാന്ത
സത്യം ആണ് അവർ ദ്യോതിപ്പിക്കുന്നത് .കാരണം ഈ യോനികളെല്ലാം അവസാനിക്കുന്നത് ബിന്ദുവിലാണ് .അതായത്
ഓരോ യോനിയുടെയും അടിയിൽ തുന്നിപ്പിടിപ്പിച്ചിരിക്കുന്നത് ഓരോ ഗോളാകാരമായ ആദി ബിന്ദുവാണ്.അതായത്
ഇവിടം വീണ്ടും ലയത്തെ സൂചിപ്പിക്കുന്നു.ഇതുകാണിക്കുന്നതു പഞ്ചകൃത്യപാരായണായേനമാ എന്ന
നാമമാണ്.സൃഷ്ടി,സ്ഥിതി,സംഹാരം,തിരോധാനം അനുഗ്രഹം ഇവയാണ് ഈശ്വരന്റെ ഗുണങ്ങളായി പറയുന്നത്
.ഇതിലെ ശിവശക്തി അയ്ക്യാത്മകമായ തുരീയ ബിന്ദുവിലേക്കുള്ള
തിരോധാനലയനം യോഗശാസ്ത്രപരമായും നിർബീജ സമാധിയെ തുറന്നുകാട്ടുന്നു. മാത്രമല്ല ഈ ത്രികോണങ്ങൾക്കടിയിൽ തൂക്കിയിട്ടിരിക്കുന്ന
അണ്ഡം ബ്രഹ്മാണ്ഡത്തിന്റെ പ്രതിരൂപം ആയിട്ടും കാണാം .അതിനെ സൃഷ്ടിക്കുന്ന യോനി പരാശക്തിയുടെ
ഈ സൃഷ്ടി രഹസ്യവും കാണിക്കുന്നു. കെട്ടുകാഴ്ചകളുടെ മുകളിൽ
നിന്നും ഉള്ള കാഴ്ചയിൽ ഈ യോനികളെ പരത്തി വിരിച്ചിട്ടിരിക്കുന്നതുപോലെ
നോക്കിയാൽ ഇതെല്ലാം പിടികിട്ടുന്നു.
നാദം കല ബിന്ദു എന്നിവയുടെ ക്രമ പരിണാമമാണ് താഴികക്കുടംപോലുള്ള ബിന്ദുസ്ഥാനത്തെ കൂമ്പിന്റെ രൂപം.ഇത് പ്രപഞ്ച സൃഷ്ടിയെയും ശാന്ത്യതീത
കലയിലെ ലയത്തെയും സൂചിപ്പിക്കുന്നു.മാത്രമല്ല കൂട
ത്രയ കൽപ്പനയും വന്നുകഴിഞ്ഞു.
മന്ത്രം ജപിക്കുമ്പോൾ മുഖം വാഗ്ഭവകൂടവും.കഴുത്തുമുതൽ അരക്കെട്ടുവരെ
മധ്യകൂടവും അതിനടിയിലേക്ക് ശക്തികൂടവും ആണല്ലോ.
ഇത് തേരിന്റെ മൂന്നു തട്ടുകൾക്കും അനുയോജ്യമാണെന്ന് കാണാം
ശ്രീമദ് വാഗ്ഭവ കൂടൈക
സ്വരൂപ മുഖ പങ്കജാ
കണ്ഠാ ധ:കടി പര്യന്ത
മധ്യകൂട സ്വരൂപിണീ
ശക്തി കൂടൈക താപന്ന
കട്യധോ ഭാഗധാരിണീ
മൂല മന്ത്രാത്മികാ മൂല
കൂടത്രയ കളേബരാ
സ്വരൂപ മുഖ പങ്കജാ
കണ്ഠാ ധ:കടി പര്യന്ത
മധ്യകൂട സ്വരൂപിണീ
ശക്തി കൂടൈക താപന്ന
കട്യധോ ഭാഗധാരിണീ
മൂല മന്ത്രാത്മികാ മൂല
കൂടത്രയ കളേബരാ
മന്ത്രം ജപിക്കുമ്പോൾ അത് പാരാ യില്‍നിന്നും ഉത്ഭവിച്ച് മാധ്യമ വൈഖരിയിലൂടെയാണ്
പുറത്തുവരുന്നത്.
പാരാ പ്രത്യക്ച്ചതീരൂപാ പശ്യൻതീ പരദേവതാ
മാധ്യമ വൈഖരീരൂപാ ഭക്ത്തമാനസഹംസികാ
ബൈന്ദവാസനായേ നമഃ .ശാന്ത്യതീത കലാത്മികായെ നമഃ .
കെട്ടുകാഴ്ചകളുടെ നിറങ്ങൾ
ശ്രീചക്രത്തിന്റെ നിറങ്ങൾതന്നെയാണ് കെട്ടുകാഴ്ചകൾക്കും പൂർവികർ
നൽകിയിരിക്കുന്നത്. ചുവപ്പും വെള്ളയും പച്ചയുമെല്ലാം ശ്രീചക്രത്തിന്റെ നിറങ്ങളാണ്.ഭീമനും
ഹനുമാനും പോലും ഇത്തരം നിറങ്ങളാൽ അലങ്കരിക്കാൻ കാരണം സാധകരുടെ ഉള്ളിൽ ശാക്തേയമായ ഊർജ
ചലനങ്ങൾ ഉണ്ടാക്കുവാൻ തന്നെയാണ് എന്നുകാണാം. പത്മങ്ങളിൽ ഉപയോഗിക്കാറ് കുണ്ഡലിനീശക്തിയുടെ ഉദ്ധാരണത്തിനായി ഉപയോഗിക്കുന്ന
നിറങ്ങളാണ് .അവയാകട്ടെ തന്ത്രശാസ്ത്രപ്രകാരം ഇവകളെ ശക്തിയുടെ ത്രിഗുണങ്ങളായി തിരിക്കാം.സാത്വികഗുണം -വെള്ള,രജോഗുണം -ചുവപ്പു
,തമോഗുണം- നീല,പച്ച . പഞ്ചഭൂതങ്ങളിൽ ഓരോന്നിനെ സൂചിപ്പിക്കുന്ന കൂടുതൽ വ്യക്തതയുള്ള
താന്ത്രീക ബന്ധംതന്നെ ഉണ്ടെന്നു പറയാൻ കാരണമുണ്ട് . ഭൂമി -പച്ച ,ജലം -നീല ,അഗ്നി- ചുവപ്പ്
,വായു -മഞ്ഞ ,ആകാശം -വെള്ള ഇവയാണ് താന്ത്രീകതയുടെ
അടിസ്ഥാന വർണ്ണങ്ങൾ.ഇവതന്നെയാണ് കെട്ടുകാഴ്ചകളിലും കാണുക.
ചക്രരാജരഥത്തിലേറിയുള്ള
സർവ്വായുധപരിഷ്കൃതയായ ദേവിയുടെ എഴുന്നള്ളത്താണ് പ്രതീകാത്മകമായി കൊണ്ടുവരുന്നത് എന്നതിന് ഇതിലും
കൂടുതൽ വർണ്ണനകളുടെ ആവശ്യമുണെന്നു തോന്നുന്നില്ല.എന്നാൽ
ഇപ്പോഴും പലരും ഈ ഒരു ആചാരം മാത്രം നിലനിർത്തിയവരാണ് നമ്മുടെ പൂര്‍വികരെന്ന അസംബന്ധം
വിക്കിപീഡിയയിലൂടെ പ്രചരിപ്പിക്കുന്നു.
സൃഷ്ടികര്‍ത്രീ ബ്രഹ്മരൂപാ
ഗോപ്ത്രീ ഗോവിന്ദരൂപിണി
സംഹാരിണീ രുദ്രരൂപാ
തിരോധന കരീശ്വരി
സദാശിവാനുഗ്രഹദാ പഞ്ചകൃത്യ
പാരായണാ
തേരിന്റെ വേദാന്തബന്ധം
ഓംകാരത്തിന്റെ മൂന്നു പാദങ്ങളാണ് മാണ്ഡൂക്യോപനിഷത്ത് വിശേഷിപ്പിക്കുന്നത് .അവയാഥാക്രമം
ജാഗ്രത് സ്വപ്ന സുഷുപ്തി എന്നിവയാണ്.രാവിലെ ഉണരുമ്പോൾ നമ്മുടെ ബോധത്തിന്റെ ഒരുഭാഗം ഓരോ അവസ്ഥയുംകടന്നു പഞ്ചേന്ദ്രിയങ്ങളെ തുറപ്പിച്ച് അതിലൂടെ പുറത്തുചാടി
ഉണർന്നിരിക്കുന്ന ജാഗ്രത് അവസ്ഥയിൽ വന്ന് ഈ
ലോകം വൈകുന്നേരം വരെ അനുഭവിക്കുന്നു.അപ്പോഴൊക്കെ അതുള്ളതാണ്.രാത്രിയിൽ ഇതിന്റെ തിരിച്ചുപോക്കിൽ
സ്വപ്നലോകത്തേക്കു പ്രവേശിക്കുമ്പോൾ ആ ലോകമാണ് ഉള്ളത്.സുഷുപ്തിയിൽ ശരീരബോധമേയില്ല
.എങ്കിൽ ഇതിലൊക്കെ ഞാൻ പൊതുവായിട്ടുണ്ട് താനും.അതായത്
ഓരോ സമയത്തും ഓരോദേഹത്തെ സത്യദേഹംപോലെ തോന്നുന്നുവെങ്കിലും
ഞാൻ എല്ലാത്തിലും പൊതുവായി നിൽക്കുന്നതിനാൽ ആ ഞാൻ എന്ന ശുദ്ധശിവം ആയ പരമാത്മാവിനെ വേർതിരിച്ചറിയാൻ
ഈ ലോകങ്ങളെ സൂചിപ്പിക്കുന്ന അ ,ഉ ,മ എന്നീ
അക്ഷരങ്ങളെ ചേർത്തുകൊണ്ട് ഓം എന്ന ശബ്ദത്തിന്റെ ഉച്ചാരണം ഈ മൂന്നു പുരങ്ങളെ അറിയാൻ സഹായിക്കും .വിശ്വൻ ,തയ്ജസൻ,പ്രാജ്ഞൻ എന്നീ ലോകങ്ങളെ
ആണ് ഇവിടെ ത്രിപുരങ്ങൾ എന്നുവിളിച്ചതു .ഈ മൂന്നുപുരങ്ങളുടെ അധിപതിയായ സുന്ദരിയാണ് പരാശക്തിയായ
ത്രിപുര സുന്ദരി.തേരിന്റെ മൂന്നു തട്ടുകളും
സൂചിപ്പിക്കുന്നത് ഈ ബന്ധംതന്നെയാണ്.
പരാശക്തിയുടെ കാമകലാവിന്യാസത്തിൽ പതിനാറാം കലാവികാസമായി മനുഷ്യജന്മം
ലഭിച്ചിട്ടും അതിനെ കുലസഹസ്രാരത്തിലേക്കു ചതുശ്ശഷ്ഠി കലാനുഭവമായി പരിണമിപ്പിക്കാൻ അറിയുമെങ്കിൽ അവനെ മുക്തൻ എന്നുവിളിക്കാം
.അതിനുള്ള ഉപാധികൾ നൽകിയ ചെട്ടികുളങ്ങരയിലെ പൂർവികാരോട് നാം കടപ്പെട്ടിരിക്കുന്നു.
വിശ്വരൂപാ ജാഗരിണി
സ്വപന്തി തായ്ജസാത്മീക
സുപ്താ പ്രജ്ഞത്മികാ തുര്യാ സർവ്വവസ്ഥാ വിവർജിതാ
ഈ മൂന്നു പുരങ്ങളെ പരാശക്തിയുടെ
വാത്സല്യത്താൽ അറിയാൻ കഴിഞ്ഞാൽ ഉള്ളിലെ ശുദ്ധശിവതത്വമായ അര്ധനാരീശ്വരഭാവമായ ,അതായത് ദ്വന്താതീതവും ഗുണാതീതവുമായ ശിവശക്തിയ്ക്യരൂപത്തെ
പ്രാപിക്കുന്നു. “തുരീയം” എന്ന്
വിളിക്കപ്പെടുന്ന പരമാനന്ദ ബോധോദയം നേടുന്ന മുക്തനാകുന്നു. അതുകൊണ്ടാണ് ലളിതാംബിക ശിവശക്ത്യൈക്യ
രൂപിണിയാകുന്നതും .
ശ്രീചക്ര രാജ
നിലയാ
ശ്രീമത് ത്രിപുരസുന്ദരീ
ശ്രീശിവാ ശിവശക്ത്യൈക്യ
രൂപിണീ ലളിതാംബികാ
പഗോഡകൾ അല്ല.
എന്തൊക്കെയാണ് ബുദ്ധമതക്ഷേത്രങ്ങളായ പഗോഡകളല്ല നമ്മുടെ ശാക്തേയ കെട്ടുകാഴ്ചകൾ എന്ന് പറയാൻ കാരണങ്ങൾ ?
പഗോഡകൾ കെട്ടിടങ്ങൾ ആണ്.സാധകന് അതിബോധതലത്തിൽ എത്താനായി സൃഷ്ടിച്ച ഉള്ള ബിംബങ്ങളെയും ഉപാസനാ പദ്ധതികളെയും ഇത്രക്കും ഗംഭീരമായി സൃഷ്ടിച്ചവർ ചയ്നയിലെ കെട്ടിടങ്ങളെ അനുകരിച്ച് കുട്ടിക്കളി നടത്താനായി അർത്ഥമില്ലാതെ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടി എന്ന് സാമാന്യബുദ്ധികൊണ്ടു പോലും കരുതുകവയ്യ .രണ്ട് പഗോഡകളുടെ അരികുകൾ എല്ലാംതന്നെ വളഞ്ഞവയാണ് .നമ്മുടെ ശാക്തേയ കെട്ടുകാഴ്ചകളുടെ തട്ടുകൾക്കു സാമ്യം ക്ഷേത്രങ്ങളുടെ ശ്രീകോവിലിനോടും പിരമിഡിനോടും മാത്രമാണ്.ഇവയൊക്കെ സാമ്യ പ്പെട്ടിരിക്കുന്നത് ശ്രീചക്രത്തിന്റെ അളവുകളുമായിട്ടാണ് .ഒരു ജനതയുടെ മതപരമായ ആചാര പദ്ധതികൾ മാറുമ്പോൾ അവ പൂർണ്ണമായും മാറാറാണ് പതിവ് .ഇവിടെ ഇത്രയ്ക്കു ശക്തമായി താന്ത്രിക ക്ഷേത്രം ചരിത്രത്തിൽ ഇടതടവില്ലാത്ത ആചാരത്തോടെ നിലകൊള്ളുമ്പോൾ,ഇവക്കു പ്രത്യക്ഷത്തിൽത്തന്നെ ഇത്രയും വ്യക്തമായ തെളിവുകളുള്ളപ്പോൾ, ഇവിടെ സനാതന കാലത്തിന്റെ അനന്ത പ്രവാഹത്തിൽ ഇടക്കെപ്പോഴോ ഒന്ന് മിന്നി അണഞ്ഞുപോയ ബുദ്ധമതം ഇക്കാര്യത്തിൽ മാത്രം കാരണമില്ലാതെ ഉഗ്ര ശാക്തേയ ക്ഷേത്രത്തെയും ഭക്തരും അന്ധമായി ബുദ്ധനുവേണ്ടി കെട്ടുകാഴ്ചകൾ ഉണ്ടാക്കി എന്ന് ബുദ്ധിയുള്ളവർക്ക് വെറുതെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലല്ലോ.നമ്മുടെ കൂട്ടുകാരിൽ താന്ത്രീകമായ വർണ്ണ ഭാഷ അറിയുന്നവരുടെ കാര്യം പിന്നെ പറയുകയെവണ്ടല്ലോ.
പഗോഡകൾ അല്ല.
എന്തൊക്കെയാണ് ബുദ്ധമതക്ഷേത്രങ്ങളായ പഗോഡകളല്ല നമ്മുടെ ശാക്തേയ കെട്ടുകാഴ്ചകൾ എന്ന് പറയാൻ കാരണങ്ങൾ ?
പഗോഡകൾ കെട്ടിടങ്ങൾ ആണ്.സാധകന് അതിബോധതലത്തിൽ എത്താനായി സൃഷ്ടിച്ച ഉള്ള ബിംബങ്ങളെയും ഉപാസനാ പദ്ധതികളെയും ഇത്രക്കും ഗംഭീരമായി സൃഷ്ടിച്ചവർ ചയ്നയിലെ കെട്ടിടങ്ങളെ അനുകരിച്ച് കുട്ടിക്കളി നടത്താനായി അർത്ഥമില്ലാതെ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടി എന്ന് സാമാന്യബുദ്ധികൊണ്ടു പോലും കരുതുകവയ്യ .രണ്ട് പഗോഡകളുടെ അരികുകൾ എല്ലാംതന്നെ വളഞ്ഞവയാണ് .നമ്മുടെ ശാക്തേയ കെട്ടുകാഴ്ചകളുടെ തട്ടുകൾക്കു സാമ്യം ക്ഷേത്രങ്ങളുടെ ശ്രീകോവിലിനോടും പിരമിഡിനോടും മാത്രമാണ്.ഇവയൊക്കെ സാമ്യ പ്പെട്ടിരിക്കുന്നത് ശ്രീചക്രത്തിന്റെ അളവുകളുമായിട്ടാണ് .ഒരു ജനതയുടെ മതപരമായ ആചാര പദ്ധതികൾ മാറുമ്പോൾ അവ പൂർണ്ണമായും മാറാറാണ് പതിവ് .ഇവിടെ ഇത്രയ്ക്കു ശക്തമായി താന്ത്രിക ക്ഷേത്രം ചരിത്രത്തിൽ ഇടതടവില്ലാത്ത ആചാരത്തോടെ നിലകൊള്ളുമ്പോൾ,ഇവക്കു പ്രത്യക്ഷത്തിൽത്തന്നെ ഇത്രയും വ്യക്തമായ തെളിവുകളുള്ളപ്പോൾ, ഇവിടെ സനാതന കാലത്തിന്റെ അനന്ത പ്രവാഹത്തിൽ ഇടക്കെപ്പോഴോ ഒന്ന് മിന്നി അണഞ്ഞുപോയ ബുദ്ധമതം ഇക്കാര്യത്തിൽ മാത്രം കാരണമില്ലാതെ ഉഗ്ര ശാക്തേയ ക്ഷേത്രത്തെയും ഭക്തരും അന്ധമായി ബുദ്ധനുവേണ്ടി കെട്ടുകാഴ്ചകൾ ഉണ്ടാക്കി എന്ന് ബുദ്ധിയുള്ളവർക്ക് വെറുതെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലല്ലോ.നമ്മുടെ കൂട്ടുകാരിൽ താന്ത്രീകമായ വർണ്ണ ഭാഷ അറിയുന്നവരുടെ കാര്യം പിന്നെ പറയുകയെവണ്ടല്ലോ.
ഇത്രയും ആഴത്തിലുള്ള പ്രത്യക്ഷ താന്ത്രീക ബന്ധംതന്നെയുള്ള നമ്മുടെ പൂർവികരുടെ ബുദ്ധിശക്തിയെയും കരവിരുതിനേയും,പ്രതിഭയെയും ആത്മോപാസനാ ശക്തിയെയും ഉറക്കെ വിളിച്ചറിയിക്കുന്ന കെട്ടുകാഴ്ചകളെ , എന്തിനും യുവതലമുറ ആശ്രയിക്കുന്ന വിക്കിപീഡിയ പോലുള്ള ഇന്റർനെറ്റ് വലകൾ ബുദ്ധമതവുമായി ബന്ധപ്പെടുത്തുമ്പോൾ ഇതുകളെ അർത്ഥമില്ലാത്ത കണ്ണേറുകിട്ടാതിരിക്കാൻ വയ്ക്കുന്ന വെറും കണ്ടക്കോലങ്ങളാക്കുകയല്ലേ ചെയ്യുക.അതിനിനിയും നാം കൂട്ടുനിൽക്കണോ ആലോചിക്കൂ.ഇത്തരത്തിൽ ശ്രീവിദ്യാത്മകമായി അറിഞ്ഞാൽ പാശ്ചാത്യർ പോലും ഇതിനെക്കുറിച്ച് പഠിക്കാനായി എത്തും .പുതുതലമുറയുടെ ചോദ്യശരങ്ങൾക്കു വ്യക്തമായി മറുപടികൾ നൽകിയാൽ നമ്മുടെയൊക്കെ കാലം കഴിഞ്ഞാലും എന്നെന്നും ഈ മഹത്തായ ശ്രീവിദ്യാ പ്രതീകങ്ങളായ തേരും കുതിരയും ഹനുമാനും ഭീമനുമെല്ലാം അഭിമാനത്തോടെ തലയെടുപ്പോടെ ദേവിയുടെ തിരുമുൻപിൽ മാനംമുട്ടെ ഉയർന്നുപൊങ്ങി കാലാതീതമായി , ഒരു ജനതയുടെ തന്നെ ആത്മാവിഷ്കാരശക്തിയുടെ പ്രതീകങ്ങളായി വിലസും.ഈ അറിവുകൾ നമുക്ക് എല്ലാവരിലും എത്തിക്കാം.
SREE ............
ശ്രീധരൻനമ്പൂതിരി .എൻ
ശ്രീധരൻനമ്പൂതിരി .എൻ
www.thapovanmeditation.com.
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ഗവേഷണ ധ്യാന കേന്ദ്രം )
കണ്ടിയൂർ ,മാവേലിക്കര .
thapovanmeditation@gmail.com.
www.sreedharannamboothiri.com.,
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ഗവേഷണ ധ്യാന കേന്ദ്രം )
കണ്ടിയൂർ ,മാവേലിക്കര .
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/












